ചാച്ചൻ കൂടത്തായിയിൽ നിന്നും ഇടയ്ക്കിടെ വീട്ടിലേക്ക് വരുമായിരുന്നു. ചാച്ചൻ വന്നാൽ പിന്നെ നല്ല രസം ആണ്. ചാച്ചൻ തെങ്ങിൽ കയറും, തേങ്ങ പറിക്കും, മാവിലും പ്ലാവിലും ഒക്കെ കയറി മാങ്ങയും ചക്കയും ഒക്കെ പറിക്കാനുള്ള ചാച്ചന് വല്ലാത്ത ധൈര്യം തന്നെയെന്ന് ഞാൻ അന്തം വിട്ട് നോക്കി നില്കും. അമ്മ പണ്ട്, കല്യാണം കഴിഞ്ഞ് കൂടത്തായിലെ തറവാട്ടിൽ പോയ സമയത്ത്, ചാച്ചൻ കവുങ്ങിലും മറ്റും കയറി വേറൊരു കവുങ്ങിലേക്ക് ചാടി അടക്കയും തേങ്ങയും ഒക്കെ പരിക്കണത് കണ്ടിട്ടുണ്ടത്രെ! അമ്മ അത് പറഞ്ഞത് തമാശയായിട്ടാണോ എന്നറിയില്ല. എങ്കിലും എന്റെ മനസിൽ ചാച്ചനെ പറ്റി ഓർക്കുമ്പോഴൊക്കെ ഞാൻ തന്നെ ഉണ്ടാക്കിയെടുത്ത ആ കാഴ്ച ഓർമ്മ വരാറുണ്ട് — കവുങ്ങിൽ നിന്നും വളഞ്ഞ് വേറൊരു കവുങ്ങിലേക്കു ചാടികയറുന്ന ചാച്ചന്റെ തമാശയും കൗതുകവും നിറഞ്ഞ രൂപം. ചാച്ചനെ കാണാൻ, നീളമുള്ള, മെലിഞ്ഞ് ഉയരം ഉള്ള, ഇരുനിറത്തിലുള്ള, 30–35 വയസ്സ് തോന്നിക്കുന്ന ആളാണ്. അച്ഛനെ പോലെ തന്നെ കട്ടിയുള്ള മീശയുള്ള ചാച്ചൻ, കുട്ടിക്കാലത്ത് ഞങ്ങളുടെ കളിക്കൂട്ടുകാരനായിരുന്നു.
ഇത്തവണ ചാച്ചൻ വന്നത് അവധിക്കാലത്താണ്. മുറ്റത്തു നിന്ന് നോക്കിയാൽ, അങ്ങ് കണ്ണെത്താത്ത ദൂരത്തോളം പച്ച വിരിച്ചു, സ്വർണ നിറമുള്ള കതിര്മണി വിരിച്ചു നിന്നിരുന്ന പാടം, കൊയ്ത് കഴിഞ്ഞു അടുത്ത വിത്ത് കാത്തു മടുത്തു, മഴ കാത്തു കഴിയുന്ന വേനൽക്കാലം.
അന്നത്തെ കേരള കൗമുദി പത്രം വച്ച് ചാച്ചൻ ഞങ്ങള്ക് പട്ടം ഉണ്ടാക്കി തന്നു. ചാച്ചൻ പോകുന്നത് വരേയ്ക്കും പാടം മുഴുവനും ഓടിനടന്നു ഞങ്ങൾ പട്ടം പറത്തി.
മുന്തിരി പഞ്ചാര വെള്ളത്തിൽ മുക്കി വച്ച് അതിന്റെ ചാറു പിഴിഞ്ഞെടുത്താണ് വൈൻ ഉണ്ടാകുന്നതെന്ന് ചാച്ചൻ പറഞ്ഞു. വൈൻ കഥ കേട്ട് കൊതിച്ചിരുന്ന ഞങ്ങൾക്കും വൈൻ ഉണ്ടാക്കിത്തരാൻ തന്നെ ചാച്ചൻ തീരുമാനിച്ചു. അങ്ങനെ കറുത്ത മുന്തിരി വാങ്ങി അതിന്റെ ചാറു പിഴിഞ്ഞെടുത്തു, അരിച്ചു, അതിൽ പഞ്ചസാര ചേർത്ത മുന്തിരി ചാറ് ഉണ്ടാക്കി. ഇപ്പോ വൈൻ കുടിക്കാമെന്നു സ്വപ്നം കണ്ടു മുന്തിരിപിഴിഞ്ഞു കൊണ്ടിരുന്നപോഴാണ് ഞാൻ അറിഞ്ഞത്, മുതിരി നീര് വൈൻ ആവാൻ മാസങ്ങളോ വർഷങ്ങളോ വേണമത്രേ! കാലം പഴകും തോറും വീഞ്ഞിനു വീര്യം കൂടി കൂടി വരുമെന്നും, പഴകും തോറും സ്വാദ് കൂടുമെന്നും ചാച്ചൻ പറഞ്ഞു. അങ്ങനെ അടുത്ത തവണ ചാച്ചൻ വരുമ്പോഴേക്കും വൈൻ തയ്യാറായിട്ടുണ്ടാവുമെന്നും, അന്ന് മാത്രമേ കുടിക്കാവൂ എന്നും ഉള്ള ധാരണയിൽ നമ്മൾ എത്തിച്ചേർന്നു. അത് വരെ ഈ മുന്തിരി ചാറ് കേടുവരാതെ എവിടെയെങ്കിലും സൂക്ഷിക്കണമായിരുന്നു. സാധാരണ ഉപ്പുമാങ്ങ സൂക്ഷിക്കുന്ന ഭരണിയിലോ മറ്റോ, അതിന്റെ വാ തുണികെട്ടി മൂടിയാണത്രെ വീഞ്ഞ് സൂക്ഷിയ്ക്കാറുള്ളത്. വീട്ടിലുണ്ടായിരുന്ന ഉപ്പുമാങ്ങാഭരണി നിറയെ ഞങ്ങൾ പെറുക്കി കൊണ്ട് നിധിപോലെ കാത്തു കാത്തുസൂക്ഷിച്ചിരുന്ന കണ്ണിമാങ്ങകൾ സ്വൈര്യമായി അന്തിയുറങ്ങുകയായിരിക്കെ വീഞ്ഞ് സൂക്ഷിക്കാൻ മറ്റൊരു വഴി വേണ്ടിയിരുന്നു. അങ്ങനെ ചാച്ചൻ കണ്ടു പിടിച്ച വഴിയാണ് മുന്തിരിച്ചാറ് ചില്ലുകുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിടാമെന്നു. അങ്ങനെ ചാച്ചൻ എവിടെന്നോ ബ്രാണ്ടി കുപ്പി കൊണ്ടുവന്നു. വല്ലാത്ത മണം ആയിരുന്നു ബ്രാണ്ടി കുപ്പിക്ക്. ചാച്ചന് ബ്രാണ്ടി കുടിക്കുന്ന ശീലം ഉണ്ടായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മോശം മണവും ചവർപ്പും ഉള്ള ഈ വൃത്തികെട്ട സാധനം എന്തിനായിരിക്കും ചാച്ചൻ പൈസ കൊടുത്തു വാങ്ങികുടിക്കുന്നതെന്നു ഞാൻ അത്ഭുദപ്പെട്ടു.
ബ്രാണ്ടി കുപ്പി കഴുകി വൃത്തിയാക്കി, അതിൽ മുന്തിരി ചാറു നിറച്ചു അടച്ചു, തുണികൊണ്ട് കെട്ടി അടുക്കളക്ക് പിന്നിലെ മണ്ണിൽ കുഴികുത്തി കുഴിച്ചിട്ടു. ചാച്ചൻ പിന്നെ കൂടത്തായിയിലേക് തിരിച്ചു പോകുകയും ചെയ്തു. ചാച്ചൻ നാട്ടിലേക് തിരിച്ചു പോയെങ്കിലും, അടുക്കളപുരത്തെ മണ്ണിൽ കുഴിച്ചിട്ടിരുന്ന ഞങ്ങളുടെ ഈ കുഞ്ഞു രഹസ്യം എന്റെ ക്ഷമയെയും കൊതിയേയും പരീക്ഷിച്ചുകൊണ്ടിരുന്നു. ദിവസവും രാവിലെ ഞാൻ അവിടം വന്നു നോക്കി, ആരെങ്കിലും എന്റെ വീഞ്ഞുകുപ്പി മോഷ്ടിച്ച് കൊണ്ടുപോയിരിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു, രാത്രി മഴ പെയ്യുന്ന ദിവസങ്ങളിൽ, ഇനി വീഞ്ഞുകുപ്പി ഒലിച്ചു പോയെങ്കിലോ എന്നോർത്തു എന്റെ ഉറക്കം നഷ്ടപ്പെട്ടു. എന്റെ വിലപ്പെട്ട ഈ വീഞ്ഞുകുപ്പി പിന്നീട് മാസങ്ങളോളം മണ്ണിനടിയിൽ എന്നെയും കാത്തിരുന്നു. വീഞ്ഞിന്റെ വീര്യം കൂടും തോറും എന്റെ കാത്തിരിപ്പും, കൗതുകവും കൂടി കൂടി വന്നു. ചാച്ചൻ ഇനി വരുന്ന നാളുകൾ എണ്ണി ഞാൻ കാത്തിരുന്നു!
കണിക്കൊന്ന പൂത്തു, വേനലും മഴയും കഴിഞ്ഞു, അടുത്ത ഓണക്കാലത്തു ചാച്ചൻ വന്നു. മണ്ണ് കുത്തിത്തുറന്ന് ചാച്ചൻ വീഞ്ഞ് കുപ്പി എടുക്കുന്നത് ഞാനും ഹരിയും തെല്ലു അത്ഭുദത്തോടു കൂടി നോക്കി നിന്നു. കുപ്പി തുറന്നു ആദ്യത്തെ തുള്ളി വീഞ്ഞ് ബ്രാണ്ടിക്കുപ്പിയുടെ അടപ്പിലൊഴിച്ചു ചാച്ചൻ എനിക്കാണ് തന്നത്, ഹാ! നല്ല മധുരവും പുളിപ്പും ഇടകലർന്ന, ഇത് വരെ എന്റെ രസമുകുളങ്ങൾക് കണ്ടുപരിചയമില്ലാത്ത മത്തുപിടിപ്പിക്കുന്ന ഒരു പുതിയ രുചി. ഞങ്ങൾ ആവുവോളം വീഞ്ഞ് കുടിച്ചു, മാസങ്ങളോളം ആയുള്ള എന്റെ കാത്തിരിപ്പിന്റെ ഫലം കണ്ടിരിക്കുന്നു. കാത്തിരിപ്പിന് ഇത്ര രുചിയുണ്ടെന്നു ആദ്യമായി ഞാനറിഞ്ഞതങ്ങിനെ തന്നെ.
വീണ്ടും കണിക്കൊന്ന പൂത്തു, വേനൽ മാറി, പാടം മുഴുവൻ വെള്ളം നിറഞ്ഞു, കുളം നിറഞ്ഞു, കര കവിഞ്ഞു, അങ്ങിനെ അങ്ങിനെ കാലം കടന്നു, ദേശം കടന്നു, മണ്ണിനടിയിൽ എന്റെ വീഞ്ഞുകുപ്പി എന്നെയും കാത്തിരുന്നു. വീഞ്ഞ് പോലെ തന്നെ ഇന്ന് ഓർമകൾക്കും വീര്യം കൂടിയിരിക്കുന്നു. നാവിൻ തുമ്പിൽ ഇപ്പോഴും ആ പഴയ വീഞ്ഞിന്റെ രുചി കാലവും ദേശവും കടന്നു എന്റെ മനസിനെ ഉന്മാദത്തിലാഴ്ത്തുന്നു.
5/7/25
Bhopal
നനഞ്ഞ മണ്ണിൽ നിന്നും ഈയം പാറ്റകൾ പൊങ്ങി വന്നു. നിമിഷങ്ങൾ മാത്രം ഈ ഭൂമിയിൽ ആയുസുള്ള അവറ്റകൾ, എന്റെ ചിമ്മിനി വിളക്കിന്റ്റെ തീയിൽ ആത്മഹൂതി ചെയ്തു. ചുറ്റും ചിതറിക്കിടക്കുന്ന ചിറകറ്റ വെന്ത ശരീരങ്ങൾ! പൊക്രാൻ തവളകൾ കലപില കൂട്ടി, ചുവരിലെ മെലിഞ്ഞുണങ്ങിയ പല്ലി, ഈയം പാറ്റകളെ കണ്ടു നാവിൽ വെള്ളമൂറി കാത്തിരുന്നു.
രാത്രി വീണ്ടും ഇരുണ്ടു വന്നു. മഴ കടുത്തു. ഇടി വെട്ടി , മിന്നലിന്റെ അരണ്ട വെളിച്ചത്തിൽ പാടം നിറഞ്ഞു പുഴയാവുന്നത് ഞാൻ നോക്കി നിന്നു. നാളെ കാലത്തെഴുന്നേൽക്കുമ്പോഴേക്കും, ചുറ്റും കണ്ണെത്താത്ത ദൂരത്തോളം വെള്ളം ആയിരുന്നിരിക്കുമെന്നു ഞാൻ ഓർത്തു. വീട്ടിനു മുന്നിലെ ഇടിവെട്ടിച്ചെടി വീണ്ടും പൂക്കുന്നതും, മഴച്ചാലുകൾ മുറ്റത്തു കളം തീർക്കുന്നതും, കുളം കരകവിയുന്നതും, കുളപ്പാള കുളത്തിലാകെ പൂക്കൾ വിടരുന്നതും ഞാൻ ഓർത്തു. മുന്നിലെ ഗ്രിൽ ലൂടെ മഴച്ചാറ്റൽ വന്നെന്റെ ചിമ്മിനി കെടുത്തി കളഞ്ഞു, എന്റെ ഈയാം പാറ്റകൾ പുതിയ വെട്ടം തേടി പറന്നുപോയി, പല്ലി വിഷണ്ണനായി മുക്കിലൊളിച്ചു, ഞാൻ ചിന്തയുടെ ഒഴുക്കു തടസപ്പെട്ട ദുഃഖത്തിൽ എഴുന്നേറ്റു ചെന്നു.
അമ്മ പാത്രങ്ങളൊക്കെ കഴുകി ഒതുക്കി അടുക്കള തുടക്കുന്നു, അച്ഛൻ പത്തായത്തിനു മുകളിൽ ഇരുന്നു വർത്താനം പറയുന്നു. ഹരി അടുക്കള വാതിലിൽ കുന്തിച്ചിരുന്നു. അടുക്കള കടന്നാലുള്ള മുറിയിൽ ഒരു കട്ടിലുണ്ട്. ആ കട്ടിലിലും താഴെ വിരിക്കുന്ന കിടക്കയിലുമായാണ് ഞങ്ങൾ നാല് പേരും കിടക്കുന്നത്. ഇന്നിനി കറണ്ട് വരാൻ സാധ്യതയില്ലാത്തതിനാൽ, ഞങ്ങൾ ചിമ്മിനി കെടുത്തി കിടന്നു. ഓടിനു മുകളിൽ വെള്ളം വീഴുന്ന ശബ്ദം ഒരു താരാട്ടു പോലെ തോന്നി. മഴ തിമിർത്തുപെയ്യുന്ന ദിവസങ്ങളിൽ, വല്ലാതെ കാറ്റുവീശുന്ന ദിവസങ്ങളിൽ, തേങ്ങാ വീഴുന്നതും tv മുറിയിൽ ഓട് പൊട്ടുന്നതും സാധാരണ ആണ്. നാളെ രാവിലെയും ഓട് മാറ്റാനുണ്ടാവുമെന്നു ഞാൻ ഓർത്തു. നാളത്തെ കേരള കൗമുദി പത്രത്തിൽ വയനാടോ കോഴിക്കോടോ മറ്റോ ഉരുൾ പൊട്ടിയ വാർത്ത ഉണ്ടാവുമായിരിക്കും. സ്കൂളിലെ പത്രവാർത്ത പുസ്തകത്തിൽ നാളെ എഴുതുന്ന വാർത്തകളിൽ ഒന്ന് അതായിരിക്കും. അങ്ങനെ ഓർത്തോർത്തു ഞാൻ ഉറങ്ങിപോയി.
നേരം വെളുത്തു. മഴ തണുത്തിരിക്കുന്നു. പുതുമഴയുടെ മണം മാറി, പാടത്തു വെള്ളം നിറഞ്ഞു, കുളം നിറഞ്ഞു, കര കവിഞ്ഞു, കുഞ്ഞു മീനുകൾ ചാലുകളിലൂടെ റോഡ് വരെയും നീന്തി എത്തി. ചാലുകൾ വറ്റിപ്പോയ വഴികളിൽ, അവറ്റകൾ തിരികെ നീന്താനാകാതെ, പിടഞ്ഞു മരിച്ചു.
മുറ്റം നിറയെ വെള്ളം തന്നെ. മുറ്റത്തെ കുഞ്ഞു കിണറിന്റെ അറ്റം വരെ വെള്ളമുണ്ട്. ഇപ്പോൾ കയറും പാട്ടയും വേണ്ട. കൈകൊണ്ട് വെള്ളം കോരാം. പാടവും കുളവും പറമ്പുമെല്ലാം ഒന്നായിരുന്നു. സ്വർഗം കാണാൻ ഇങ്ങനെ ആയിരിക്കുമെന്ന് ഞാൻ ഓർത്തു. അത്രമേൽ ഭംഗിയുള്ള മറ്റൊരു കാഴ്ചയും ഇനിമേൽ കാണില്ലായിരിക്കുമെന്നു ഞാൻ ഓർത്തു. കണ്ടതുമില്ല. നീർക്കോലികൾ വെള്ളത്തിലൂടെ ഊളയിട്ടുപോയി. എന്തൊരു വേഗമാണവർക്ക്!
അമ്മമ്മ കഴിഞ്ഞ തവണ വന്നപ്പോൾ പിന്നാമ്പുറത്തെ മണ്ണിൽ ഉണ്ടാക്കിയ ഇഷ്ടിക അടുപ്പിൽ നിറയെ വെള്ളം കേറിയിരിക്കുന്നു. ഉമ്മറത്തെ വരാന്തയിലാകെ ഈയാംപാറ്റകളുടെ ചിറകുകൾ. ചിറക്കുമാത്രമേ ബാക്കിയുള്ളൂ. പാറ്റകളെയൊക്കെ പൊക്രാൻ തവളയും കൊതിയൻ പല്ലിയും രാത്രി തന്നെ ശാപ്പിട്ടു, വയറു വീർപ്പിച്ചു കിടന്നുറങ്ങുന്നുണ്ടാവും. ഈയം പാറ്റകളുടെ ചിറകുകൾ അടിച്ചൊതുക്കി, മുറ്റത്തെ വെള്ളത്തിലൂടെ ചൂലോടിച്ചു നിൽക്കുമ്പോൾ ദൂരെ നിന്നും ട്രെയിനിന്റെ ശബ്ദം കേൾക്കാമായിരുന്നു.
പത്രം വന്നിട്ടുണ്ട്. വിചാരിച്ചപോലെ തന്നെ. എവിടെയോ ഉരുൾ പൊട്ടിയിരിക്കുന്നു. എത്രയോ ആളുകൾ മരിച്ചുപോയിരിക്കിന്നു. കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു കരയുന്ന സ്ത്രീകളുടെ ചിത്രം ആദ്യത്തെ പേജ്ഇൽ തന്നെ ഉണ്ട്. നമ്മളെല്ലാം ഈയാംപാറ്റകൾ തന്നെ !
May 2025
Bhopal
എന്റെ വീടിരിക്കുന്ന പത്തു-നാൽപതു സെന്റ് സ്ഥലം പണ്ട് പാടവും, കുളവും ഒരാൾപൊക്കം ആഴമുള്ള കുണ്ടുകളും ആയിരുന്നു. എന്റെ കുട്ടിക്കാലത്തൊക്കെയും അത് അങ്ങനെ തന്നെ. പിന്നീട് പാടം തൂർത്ത് വീടുപണിയുന്ന കാലം വന്നു, നാട്ടിലെ പാടങ്ങളായ പാടങ്ങളൊക്കെയും മണ്ണിട്ടു മൂടി, ആകാശം പൊക്കം സൗധം പണിയാൻ തുടങ്ങിയ കാലത്തു, പൂഴിക്കുന്ന് കാരും അതെ പാത പിന്തുടർന്നു. അങ്ങ്ഇങ്ങുനിന്നും റൊക്കം വിലപറഞ്ഞു വാങ്ങിയ മണ്ണും കല്ലും ചരലുമെല്ലാം പാടത്തും പറമ്പിലും കുണ്ടിലും കുളത്തിലും കൊണ്ടിട്ട് നിരത്തി വെടുപ്പാക്കി വേലികെട്ടി വീടുപണിതു വച്ച് നമ്മളും കേമന്മാരായി. തെക്കുനിന്നു കുടിയേറി വന്ന അച്ചായൻ മാത്രം നല്ല ചെമ്മണ്ണും ചെങ്കല്ലും വച്ചു നിലം തൂർത്തു ആൾപൊക്കത്തിന് മതിലുകെട്ടി, വീടിന്റെ പിന്നാമ്പുറം മുഴുവനും മണ്ണ് പൊന്നാക്കി. ഓരോ വളപ്പിലും കൊണ്ടുവന്നിട്ടു മണ്ണിനെ മറക്കാത്ത വിത്തുകൾ പലവിധം പാഴ്ചെടികൾ വിളയിച്ചുപോന്നു. അച്ചായന്റെ മണ്ണിലാകട്ടെ മാവും പ്ലാവും തെങ്ങും പുളിയും പോരാ, കേട്ടുകേൾവിയില്ലാത്ത പലതും തഴച്ചു വളർന്നു. അങ്ങനെ പൊന്തി വന്ന കൂട്ടത്തിൽ ഞങ്ങളുടെ വീട് കയ്യേറിയതാകട്ടെ ചേമ്പും മാങ്ങിൻജി യും. മഴക്കാലമായാൽ ചേമ്പിന്റെ കാലമാണ്. ആവുവോളം ചേമ്പ് പടരാവുന്നിടത്തൊക്കെ തലപൊക്കി വരും. ചുറ്റും ഒരു ചേമ്പിലക്കാട് മുളച്ചുപൊന്തും.
വീട്ടിലെ ഒരു ദിവസം തുടങ്ങുന്നത് പതിവുപോലെ, അഞ്ചു -ആറു മണിക് അമ്മ ഉറക്കം എണീക്കുന്നതോടെ ആണ്, പിന്നാലെ അച്ഛനും. മൊബൈലിലെ അലാറമോ , സുപ്രഭാദ സന്ദേശങ്ങളോ , തൊട്ടു തീണ്ടിയിട്ടില്ലാത്ത കാലം. അമ്മ എണീറ്റ് അരി കഴുകി അടുപ്പിൽ വെള്ളം തിളപ്പിച്ച് ചോറിനുള്ള തയ്യാറെടുപ്പു തുടങ്ങും. അച്ഛൻ കള്ളിമുണ്ട്ഉടുത്തു തലയിൽ തോർത്ത് കെട്ടി, തേങ്ങാ പൊളിക്കലോ ചപ്പാത്തി മാവ് തയ്യാറാക്കലോ ആയി തിരക്കിലാകും. അങ്ങനെ അച്ഛന് പ്രത്യേകം ജോലികൾ ഉണ്ട്. തേങ്ങാ പൊളിക്കുക, തേങ്ങാ ചിരകുക , ചപ്പാത്തിയും പത്തിരിയും ഉണ്ടാക്കൽ, മീൻ നന്നാക്കുക, ചിക്കൻ നന്നാക്കുക, ...അങ്ങനെ ചില പ്രത്യേക ജോലികൾ അച്ഛൻ ആസ്വദിച്ച ചെയ്തു പോന്നു. 30 വര്ഷത്തിനിപ്പുറവും ആ രീതികൾക് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. അച്ഛൻ പിന്നീട് കുളി കഴിഞ്ഞു , തോർത്തും തോളിലിട്ട്, പഴയ സിനിമ പാട്ടുകളോ കവിതകളോ ടേപ്പ് റെക്കോർഡർ ഇൽ ഉറക്കെ വച്ചു , കേരളം കൗമുദി പത്രവും ഒരു ഗ്ലാസ് ചായയുമായി അടുക്കള തിണ്ണയിൽ ഇരുന്നു അമ്മയുമായി ചർച്ച തുടങ്ങും. പുറമെ പരുക്കനും ദേഷ്യക്കാരനും ആയിരുന്ന അച്ഛൻ ഒരു നല്ല ഗൃഹസ്ഥൻ ആണെന്ന യാഥാർഥ്യം ഒരല്പം ബോധം വന്ന ശേഷമാണ് ഞാൻ മനസിലാകുന്നത്.
“നട നട കാളെ ഇടം വലമാടി കുടമണി തുള്ളി നട നടോ നട,
നമുക് മുന്നിലെ വഴിയും നീളുന്നു നമുക്കൊരു പോലെ വയസ്സുമേറുന്നു
കടകടാ ചക്ക്രം മുരണ്ടുരുണ്ടുപോം പഴയൊരീ വണ്ടി വലിച്ചു മുന്നോട്ട് …”
എന്ന് ഓ എൻ വി പാടുന്നതും കേട്ട് ഞാൻ എഴുന്നേറ്റു അടുക്കളയിലേക്ക് ചെല്ലും, അടുപ്പിനരികെ അടച്ചു വച്ച സ്റ്റീൽ പാത്രത്തിൽ നിന്നും ഒരു ഗ്ലാസ് കട്ടൻ കാപ്പി ഗ്ലാസ്സിലാക്കി ഞാനും തിണ്ണയിൽ അച്ഛനും അമ്മക്കും താഴെ പടിയിൽ ഉറക്കം ചടഞ്ഞിരിക്കും.
പല്ലുതേച് മുഖം കഴുകി അൽപ നേരം കാപ്പി നുണഞ് അച്ഛന്റെയും അമ്മയുടെയും സൗഹൃദ സംഭാഷണത്തിന് കാതോര്ക്കും. കുടുംബക്കാരും നാട്ടുകാരും, സ്വർണത്തിന്റെ വിലയും , എ കെ ആന്റണി യും വി എസ് അച്യുതാനന്ദൻ തുടങ്ങി കറി യിലെ ഉപ്പും മുളകും വരെ അവരെന്തൊക്കെയോ പറഞ്ഞുകൊണ്ട്ഇരികും. ഓടിൽ നിന്നും മഴ വെള്ളം ഇറ്റി വീഴുന്നതും നോക്കി മുറ്റം അടിക്കാൻ കാത്തു ഞാൻ അവിടെ തന്നെ ഇരിക്കും.
മുറ്റം അടിക്കുന്നതും , പുല്ലു പറിക്കുന്നതും പൊതുവെ അടിക്കുന്നതും തുടക്കുന്നതും ഒകെ എനിക്ക് പണ്ടേ പ്രിയപ്പെട്ട കാര്യങ്ങൾ തന്നെ. അതെന്റെ അച്ഛമ്മ മാളുഅമ്മ വഴി പകർന്നു കിട്ടിയതാവാനാണ് വഴി. മഴ മാറി കഴിയുമ്പോ കുറ്റിച്ചൂലും എടുത്ത് ഞാൻ ഉമ്മറത്തേക് ഇറങ്ങും. മുറ്റം മുഴുവൻ വീണു കിടക്കുന്ന കണ്ണിമാങ്ങ പെറുക്കി അമ്മക്കു കൊടുക്കും, 'അമ്മ അതിന്റെ ഞെട്ടി വെട്ടി ഉപ്പുമാങ്ങ ഭരണിയിൽ ഇട്ടുവെക്കും. പൂക്കളോടും മരങ്ങളോടും ചെമ്പരത്തിയോടും കുശലാന്വേഷണം നടത്തികൊണ്ടിരിക്കുമ്പോഴേക്കും ഹരി എഴുന്നേറ്റ് വന്നിട്ടുണ്ടാകും.അവളവിടെ എങ്ങാനും ഒരു ബ്രഷ് ഉം പിടിച്ചു കൂനിക്കൂടി പിന്നെയും അര മണിക്കൂർ ഇരിക്കും.
ചേമ്പിലക്കാട് കുളിച്ചു കുട്ടപ്പനായി കുമ്പിളിൽ വെള്ളം നിറച്ചു എന്നെയും കാത്തുനില്പുണ്ടാവും. പുളിയുറുമ്പുകൾ മാവിൽ നിന്നും ഇറങ്ങി വന്നു ചേമ്പിലയിൽ സൂക്ഷിച്ചു വച്ച വെള്ളം നോക്കി അമ്പരന്നു കൈ കഴുകി, ഒരല്പം രുചിച്ചു നോക്കി മാവിലേക്കു തന്നെ തിരിച്ചു പോവും. പോവും വഴി എന്നെ നോക്കി പേടിപ്പിക്കും. വീടിന്റെ അരികിൽ കൂടു കൂട്ടിയ കുഴിയാനകളെല്ലാം “ ഇനി ഇവളെങ്ങാൻ ഇവിടെ അടിച്ചു വാരി ഞങ്ങടെ കൂടു തകർക്കുമോ” ന്നറിയാൻ എന്നെ എത്തി നോക്കും. പൊക്രാൻ തവളകൾ രാത്രിയിലെ പാട്ടുകച്ചേരി കഴിഞ്ഞ ക്ഷീണത്തിൽ ഉറക്കം തൂങ്ങും. പൊങ്ങി വന്ന വെള്ളത്തിലെങ്ങാനും വല്ല മീനും വന്നുപെട്ടോയെന്നു പൊന്മാൻ അന്വേഷണം ആരംഭിക്കും, കാക്കകൾ കുളി കഴിഞ്ഞ തൂവലെല്ലാം കുടഞ്ഞൊതുക്കി, ഹാജർ വച്ഛ് എൻറെ കൂടെ മുറ്റം വൃത്തിയാക്കാൻ ഇറങ്ങും. ചേമ്പിലകൾക്കിടയിലൂടെ പറമ്പിനെ കാക്കുന്ന കരിമൂർഖനും , മഞ്ഞ ചേരയും കറുത്ത ചേരയും എത്തി നോക്കും, കീരികൾ ഇടക്കിടെ അവയുമായി കശപിശ കൂടും. അങ്ങനെ കുശലാന്വേഷണങ്ങളൊക്കെ കഴിയുമ്പോഴേക്കും ചായകുടിക്കാൻ വരാൻ പറയാൻ അമ്മ ഹരിയെ പറഞ്ഞു വിടും. ഇനി നാളെ വരാമെന്നു വാക് കൊടുത്ത ഞാൻ കുളിമുറിയിലേക്കോടും.
രാത്രി ഉറക്കത്തിൽ ഒരു സ്വപ്നം എന്നെ പതിവായി തേടി വരും. ആകാശം മുട്ടെ നീണ്ട ചേമ്പിലകൾക്കിടയിലൂടെ ഞാൻ നടന്നുപോകവേ , ദൂരെ എങ്ങോ ഒരല്പം തെളിച്ചം കാണും. കൂരാകൂരിരുട്ടിൽ ചേമ്പിലകൾ തട്ടിമാറ്റി ഞാനാ വെളിച്ചം തേടി മുന്നോട്ടുപോകും. കരിമൂർഖനും പൊക്രാൻ തവളയും മഞ്ഞ ചേരയും എന്റെ പിന്നാലെ തന്നെ ഉണ്ട്, പുളിയുറുമ്പ് അപ്പോഴും എന്നെ നോക്കി കൊഞ്ഞനം കുത്തും. നടന്നു നടന്നു ഒടുക്കം അവിടെ എത്തുമ്പോ കരിയിലകൾക്കിടയിൽ എന്തോ തിളങ്ങുന്നത് കാണും. എന്തായിരിക്കും എന്നറിയാൻ കരിയില മാറ്റിനോക്കാൻ തുനിയുമ്പഴേക്കും ഒരായിരം മിന്നാ മിന്നാമിന്നികളും തിളങ്ങുന്ന ചിത്രശലഭങ്ങളും കരിയിലകൂനയിൽനിന്നും പറന്നുപൊങ്ങും. കരിമൂർഖനും തവളയും അത്ഭുദം കൂറും. ചിത്ര ശലഭങ്ങൾ എനിക്ക് ചുറ്റും പാറിക്കളിക്കും, ,മായാജാലം വിതറും..ആനന്ദത്തിന്റെ അലകൾ എന്നെ ആലിംഗനം ചെയ്യവേ ചിത്ര ശലഭങ്ങളെ നോക്കാനായി ഞാൻ ആൾപൊക്കത്തിലുള്ള ചെമ്പിലകൾ മാറ്റി ആകാശത്തേക്കു നോക്കും...ഹാ!.. കോടാനുകോടി ചിത്ര ശലഭങ്ങൾ !!
വിടർന്ന കണ്ണുകളോടെ, മായാജാലത്തിൽ മതിമറന്നു ഞാൻ ഉണർന്നു നോക്കുമ്പോഴിതാ കാലമേറെ പിന്നിട്ടിരിക്കുന്നു. ഹോസ്റ്റലിന്റെ ഒറ്റമുറിയിൽ ചില്ലുവാതിലിലൂടെ ഇറച്ചിറങ്ങുന്ന വെളിച്ചം എന്റെ കണ്ണുകളെ തുരക്കുന്നു.
‘ ഒരു മാത്ര കൂടെ നീ ഇവിടെ നിന്നാൽ , ഞാൻ ജനിമൃതികൾ അറിയാതെ പോകും
ഒരു കവിത കൂടെ ഞാൻ എഴുതി വക്കാം എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ’
എന്ന് അനിൽ പാരച്ചൂരാൻ എന്റെ ഹൃദയത്തിന്റെ പാട്ടുപെട്ടിയിൽ പാടികൊണ്ടിരുന്നു. ചേമ്പില കുമ്പിളിലെ വെള്ളമെല്ലാം നിറഞ്ഞു കവിഞ്ഞു, കാലാകാലങ്ങൾ താണ്ടി, അതിന്നെന്റെ ഹൃദയവും കവിഞ്ഞു കണ്ണുനീരായത് ഞാനറിയുന്നു.
20/02/24
തീരൂർ കടലിനോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം ആണ്.പാടങ്ങളും ഭാരതപ്പുഴയും കായലും അഴിമുഖവും ചുറ്റിനിൽകുന്ന പരന്ന പ്രദേശം. മഴക്കാലം ആയാൽ പാടവും പുഴയും കുളവും കന്നാലും നിറയുമെന്നല്ലാതെ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ തിരൂരുകാരാരും കണ്ടുകാണില്ല.
എന്റെ വീടിനു ചുറ്റും മഴ കാലം ആയാൽ മുഴുവൻ വെള്ളം നിറയും, മുറ്റത്തെ ഒരല്പം ദൂരം കഴിഞ്ഞാൽ പിന്നെ ചുറ്റും മുഴുവൻ വെള്ളം തന്നെ. പുഴ ആണെന്നെ പറയു ചുറ്റും. കുളപ്പാള കുളവും, ഞങ്ങളുടെ പറമ്പിലെ കുളവും കര കവിയും. പാടം ഏതാ കുളം ഏതാണെന്നു മനസിലാവാതെ ആവും. കുളപ്പാള പൂക്കൾ വരെ കരകവിയാൻ തുടങ്ങും.മീനുകൾ പാടത്തേക്ക് നീന്തിയെത്തും. നീർക്കോലിയും ചേര യും ഇടക്ക് ഇത്തിരി ചൂട് തേടി മുറ്റം വരെ വന്ന് എത്തി നോക്കും. കാലങ്ങളായി പറമ്പിനെ കാത്തുപോന്ന കറുത്ത മൂർഖൻ കരിങ്കല്ലിന്റെ മാളം വിട്ട് ചുറ്റും സഞ്ചാരം തുടങ്ങും.ഇടവപ്പാതിക്ക്, പൂത്തുനിൽക്കുന്ന മാമ്പഴങ്ങൾ വീഴാൻ തുടങ്ങും, ചിലപ്പോൾ ഒരു മാവിൻകൊമ്പ് തന്നെ വീണെന്നിരിക്കുയും. തൊടിയിലെ ചേമ്പില നിറയെ വെള്ളകുമ്പിൾ നിറയും, സന്ധ്യ ആയാൽ ചീവീടുകളും തവളകളും പതിവ് കച്ചേരിക്കിറങ്ങും, തുലാവർഷത്താണെങ്കിൽ ഇടി വെട്ടിപ്പൂക്കൾ ഒരു സുപ്രഭാദത്തിൽ വെറും നിലത്തുനിന്നും പ്രത്യക്ഷപ്പെടും. നൗഞ്ഞുകളും കല്ലുമ്മക്കായയും പാടത്തൊക്കെ പൊന്തിവരും. പാടവറമ്പത്താകെ പൊന്നാങ്കണ്ണി തളിർക്കും.പൊന്നാങ്കണ്ണി മഴക്കാലത്തു മാത്രം അവിടങ്ങളിലൊക്കെ കാണാവുന്ന ചെടിയാണ്. 'അമ്മ പൊന്നാങ്കണ്ണി വേവിച് അതിൽ തേങ്ങയും ചേർത്ത് ഉപ്പേരി വക്കും, ചീര ഉപ്പേരി പോലെ തോന്നും കണ്ടാൽ. മഴക്കാലമത്രയും ഞങ്ങൾ നാട്ടുകാരുടെയെല്ലാം വീട്ടിലെ പതിവ് വിഭവങ്ങളിലൊന്നാണിത്. പൂഴിമണ്ണിലൂടെ വെള്ളം ചാലുപോലെ കുളത്തിലേക്ക് ഒഴുകാൻ തുടങ്ങും, മുറ്റത്തെ ചെറിയ കുളം നിറഞ്ഞു കവിയും. പിന്നെ വെള്ളം കൈകൊണ്ട് എടുക്കാൻ പറ്റും. ചുറ്റും സർവത്ര വെള്ളം മാത്രം..
അങ്ങനെ നല്ല മഴയുള്ള ദിവസം, മഴവില്ലിന്റെ നിറങ്ങളുള്ള ഒരു കുടയും പിടിച്ചാണ് ഞാൻ ആദ്യമായി സ്കൂളിൽ പോവുന്നത്. വിദ്യാവിലാസിനി /കമ്പനി സ്കൂളിലാണ് ഞാൻ ചേർന്നത്. ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക് എന്ന കഥ വായിച്ചപ്പോൾ, ആ കുട്ടി ആദ്യമായി സ്കൂളിൽ പോകുന്ന ദിവസം എത്ര വിശദമായാണ് കഥാകൃത്ത് വര്ണിച്ചിരിക്കുന്നതെന്നു ഞാൻ ആശ്ചര്യപ്പെടുകയുണ്ടായി. എന്റെ ജീവിതത്തിലെ ആ ദിവസം അത്ര വ്യക്തമായി എനിക്കോർമ്മയില്ല എന്നതാണ് സത്യം. കടും പച്ച നിറത്തിലുള്ള ചതുരാകൃതിയിലുള്ള ബാഗായിരുന്നു എന്റേത്. അച്ഛൻ ഒരാഴ്ച മുൻപ് തന്നെ നോട്ടുപുസ്തകങ്ങൾ ഓറഞ്ച് നിറമുള്ള ചട്ടയിൽ പൊതിഞ്ഞു നെയിംസ്ലിപ് ഒട്ടിച്ച അതിൽ പേരെഴുതി തന്നിരുന്നു.അച്ഛന് വളരെ ഇഷ്ടപെട്ട കാര്യമായിരുന്നു പുതിയ പുസ്തകൾക്ക് ചട്ട ഇടുന്നത്. എനിക്കും.
വിദ്യാരംഭത്തിന് ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു. ആദ്യമായി സ്കൂളിൽ ചേരുന്ന കുട്ടികൾക്ക് മുതിർന്ന ക്ലാസ്സിലെ കുട്ടികൾ ബലൂണും എക്ലയർ മിട്ടായിയും തന്നാണ് ക്ലാസ്സിലേക്ക് കൂട്ടികൊണ്ടു പോയത്. എന്റെ ക്ലാസ് ടീച്ചർ ശ്രീദേവി ടീച്ചറായിരുന്നു. എന്റെ ഓര്മ ശരിയാണെങ്കിൽ എന്റെ തലയിൽ അന്ന് മുടി ഒന്നുമില്ല. മൊട്ടയായിരുന്നു.അതിനു മുൻപ് രണ്ടു വര്ഷം ഞാൻ നഴ്സറി യിൽ പഠിച്ചിരുന്നതിനാൽ കുട്ടികൾ പലരും എനിക്ക് സുപരിചിതരായിരുന്നു. പോരാത്തതിന് എന്റെ കൂട്ടുകാരികളായ അഞ്ജന തീർത്ഥയും നിമിഷയും എന്റെ ക്ലാസിൽ തന്നെ ഉണ്ടായിരുന്നു. എന്നിട്ടും ആദ്യമായി വീട് വിട്ട് മറ്റെവിടെയോ പോയ പോലെ എന്റെ മനസ് അലമുറയിട്ടു കരയുകയായിരുന്നു. ഒരല്പ സമയത്തേക്കെങ്കിലും അച്ഛനും അമ്മയും ഹരിയും അമ്മച്ചനും അമ്മമ്മയും ഒന്നും അടുത്തില്ലാത്തത് എന്നെ വിഷമിപ്പിച്ചു. അതിലപ്പുറം ഞാൻ പെട്ടെന്ന് വലുതായി പോയെന്നു എനിക്ക് തോന്നി. അത്ര ചെറുപ്പത്തിൽ തന്നെ ആരുടേയും മുന്നിൽ കരയുന്നത് വലിയ നാണക്കേടായി ഞാൻ കരുതിയിരുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. വെറും 5 വയസുള്ള ഒരു കുട്ടി എന്തുകൊണ്ട് അങനെ വിചാരിച്ചുപോന്നു എന്നതിനെ ഞാൻ ഇന്നും അമ്പരപ്പോടെ നോക്കി കാണുന്നു.
അങ്ങനെ ആ മഴക്കാലത്തു ഒരിക്കൽ രാത്രി എന്തോ വന്നു താഴെ വീഴുന്ന ശബ്ദം കേട്ട് ഞാനും അച്ഛനും അമ്മയും ഹരിയും ഉണർന്നു. അന്നൊക്കെ ഇല അനങ്ങിയാൽ ഞാൻ എണീക്കും. ചുറ്റും നല്ല കൂരാക്കൂരിരുട്ടും ആർത്തുപെയ്യുന്ന മഴയും ആയിരുന്നു. മുറ്റത്തും ചുറ്റിലും ഒന്നും വീണതായി കണ്ടില്ല. മഴ അല്പം തോരുന്ന വരെ കാത്തിരിക്കാനുള്ള ക്ഷമ അച്ഛനില്ലാത്തതിനാൽ അച്ഛൻ ഒരു കുടയെടുത്ത് അന്വേഷിക്കാൻ പോയി. അര മണിക്കൂർ കഴിഞ്ഞിട്ടും അച്ഛൻ തിരിച്ചു വരുന്നത് കാണാതെ ഞാനും അമ്മയും ആകെ വിഷമിച്ചു. പോയി നോക്കാൻ ആകെ ഉണ്ടായിരുന്ന ടോർച്ചും എടുത്താണ് അച്ഛൻ പോയത്. മഴ കൂടി കൂടി വന്നു. അച്ഛനെ കാണാനും ഇല്ല. ആ അര മണിക്കൂർ കൊണ്ട് ഞാൻ പ്രാര്ഥിക്കാവുന്ന ദൈവങ്ങളെ ഒക്കെ പ്രാർത്ഥിച്ചു. അൽപ സമയം കഴിഞ്ഞപ്പോൾ അച്ഛൻ വന്നു, രണ്ടു കയ്യിലും വലിയ ബക്കറ്റിൽ നിറയെ മൂവാണ്ടൻ മാങ്ങയുമായി. അപ്പറത്തെ ഒഴിഞ്ഞ പറമ്പിലെ മൂവാണ്ടൻ മാവിന്റെ വലിയ ഒരു ചില്ലയാണ് വീണതത്രെ . അച്ഛനും സുലൈമാനാക്കയും അനി മാമനും കൂടെ കിട്ടാവുന്ന മാങ്ങയൊക്കെ പെറുക്കി കൊണ്ടുവന്നു.
രാവിലെ നേരം വെളുക്കുമ്പോൾ പതിവ് പോലെ ഞാൻ എല്ലാ മാവിന്റെയും താഴെ പോയി നോക്കി. എന്റെ മുറ്റത്തെ മൂവാണ്ടൻ മാവിന്റെയും നീളൻ മാവിന്റെയും താഴെ കുറെ മാങ്ങ വീണു കിടപ്പുണ്ടായിരുന്നു. അപ്പുറത്തെ പറമ്പിലെ മാവിന്റെ താഴെ പിന്നെയും നിലം നിറയെ മാങ്ങ ചിതറികിടക്കുന്നുണ്ടായിരുന്നു. ഞാനും അതൊക്കെ ഒരു ബക്കറ്റിൽ ആക്കി കൊണ്ട് വന്നു.ആ മഴക്കായലത്ത് വീട് മുഴുവനും മാങ്ങ തന്നെ ആയിരുന്നു. അടുക്കളയിലും കൊട്ടയിലും പത്തായത്തിലും വരെ മാങ്ങ. ആ മാങ്ങാക്കാലത് വീട്ടിലേക്ക് വന്നവർക്കൊക്കെ ഒരു കവർ നിറയെ മാങ്ങയും കൊടുത്തേ തിരിച്ചയച്ചുള്ളൂ.ഇത്ര വര്ഷം കഴിഞ്ഞിട്ടും എല്ലാ മാങ്ങാക്കാലത്തും ഞാൻ ആ മാഞ്ചോട്ടിലെക്ക് തന്നെ ഓടിപോകുന്നു.പണ്ടത്തെ മൂവാണ്ടൻ മാവിപ്പോൾ കട പുഴകി വീണിരിക്കുന്നു, പകരം പല പല ഇനത്തിലുള്ള മാവുകൾ വീടിനു ചുറ്റും പടർന്നു പന്തലിച്ചു. അപ്പുറത്തെ പറമ്പിലെ മാവ് ഇപ്പോൾ ക്ഷയിച്ചിരിക്കുന്നു,നീലൻ മാവിപ്പോൾ പൂക്കാറില്ല, എന്നിട്ടും എന്നും രാവിലെ ഞാൻ ആ മാവിൻ ചോട്ടിലേക്ക് തന്നെ ഓടിപ്പോകും, ആരും കാണാത്ത ഒരു മഥുര മാങ്ങ അവിടെ എങ്ങാൻ വീണുകിടപ്പുണ്ടായിരിയ്ക്കുമെന്ന് എന്റെ ഉള്ളിലെ കുട്ടി ഇന്നും സ്വപ്നം കാണുന്നുണ്ടായിരിക്കാം.
29/11/23
അപ്പോൾ എനിക്ക് ഏകദേശം 2 -3 വയസു പ്രായം കാണും, ഞാനും അമ്മയും ഹരിയും അമ്മമ്മയുടെ വീട്ടിലും അച്ഛൻ കോഴിക്കോടും ആയി താമസിച്ചുവരുന്ന കാലം. ആ കാലത്ത് അച്ഛൻ ഹാപ്പി ജാം ന്റെ കമ്പനി യിൽ ആണ് ജോലി ചെയ്തിരുന്നത്. 1 -2 ആഴ്ച കൂടുമ്പോൾ അച്ഛൻ നാട്ടിൽ വരുകയും, തിങ്കളാഴ്ച രാവിലത്തെ ട്രെയിനിന് തിരികെ പോകുകുയും ചെയ്യും. വരുമ്പോഴൊക്കെയും ഹാപ്പി ജാം ഉം അച്ചാറും കൊണ്ടുവരും. ഹരി അന്ന് നന്നേ ചെറിയ കുട്ടി ആയിരുന്നതിനാൽ ആഴ്ചയിൽ വന്നുപോകുന്ന അച്ഛനോട് അവൾക് കാര്യമായ അടുപ്പം തോന്നിയിരുന്നില്ല എന്ന് മാത്രമല്ല, അച്ഛൻ ദേഷ്യപെടുമ്പോഴൊക്കെയും അവൾക് ഫോട്ടോയിൽ ഉള്ള അച്ഛനെ ആണ് വേണ്ടത്ന്നു പറഞ്ഞ വാവിട്ടു നിലവിളിക്കുകയും ചെയ്തിരുന്നു. അങ്ങിനെ ഒരു വർഷത്തോളം ഉള്ള അവിടെയും ഇവിടെ യും ആയുള്ള താമസം ദുസ്സഹമായി മാറുകയും എത്രയും പെട്ടെന്ന് തന്നെ ആ അവസ്ഥക്ക് അവസാനം കാണേണ്ടത് അത്യാവശ്യമായി മാറുകയും ചെയ്തു.
അന്ന് മാമൻ കല്യാണമേ കഴിക്കില്ലെന്ന് ദൃഢനിശ്ചയത്തിൽ ആയിരുന്നതിനാൽ, അമ്മച്ചനും അമ്മമ്മക്കും കൂട്ടായി ആരും ഇല്ല എന്നതും, ഞങ്ങളുടെ സാമ്പത്തിക അവസ്ഥയും, ദൂരെ ദൂരെ ഉള്ള താമസം ഒഴിവാക്കലും കണക്കിലെടുത്ത് തറവാട്ടിൽ നിന്നും അല്പം മാറി ഹനുമാൻകാവ് അമ്പലത്തിന്റെ അടുത്ത് അമ്മച്ചന്റെ പേരിൽ ഉണ്ടായിരുന്ന വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു.
തിരൂർ ടൗണിൽ നിന്നും 6 -7 കിലോമീറ്റര് ഉള്ളിലേക്കു വന്നാൽ ആണ് പൂഴിക്കുന്ന് ബസ് സ്റ്റോപ്പ്. അവിടെ മെയിൻ റോഡിൻറെ വലതുഭാഗത്തേക് ഗരുഡൻ കാവ് അമ്പലത്തിലേക്കുള്ള റോഡും ഇടതുഭാഗത്തേക്ക് ഹനുമാൻകാവ് അമ്പലത്തിലേക്കുള്ള റോഡ് ഉം ആണ്. അമ്മമ്മയുടെ വീട് ഗരുഡൻകാവ് അമ്പലത്തിന്റെ ഏകദേശം തൊട്ട് മുന്നിലാണ്. ഹനുമാങ്കാവിലേക്കുള്ള റോഡിൽ ആയിരുന്നു ഞങ്ങൾ പുതുതായി താമസിക്കാൻ തീരുമാനിച്ച വീട്.
ആ കാലത്ത് അവിടെ റോഡ് ഒന്നും ഇല്ല. പള്ളിയുടെ അടുത്ത് കൂടെയുള്ള റോഡിൻറെ വഴിയിലൂടെ പോയി, പാത്തുമ്മ താത്തയുടെയും വീടും കടന്ന് , വലിയ ഒരു പറമ്പും കടന്നാണ് ആണ് അന്ന് ഞങ്ങളുടെ വീട്ടിലേക് എത്തിയിരുന്നത്. പള്ളിയുടെ അടുത്തുകൂടെ ഉള്ള റോഡ് നേരെ പോയാൽ പാടത്താണ് എത്തുക, ആ പാടവരമ്പിൽ കൂടെ പോയി, പാടം കടന്ന്, ഓലമേഞ്ഞ രണ്ടു വീടും കടന്നാൽ ഹനുമാങ്കാവിന്റെ പടിഞ്ഞാറേ നടയിലേക്ക് ഉള്ള റോഡിൽ ചെന്നെത്തും. വളരെ ചുരുക്കം ആളുകളെ അന്ന് ആ നാട്ടിൽ തന്നെ ഉണ്ടായിരുന്നുള്ളൂ. ശാരദ അമ്മയും ഹാജ്യാരും ഇമ്പിച്ചിവല്യമ്മയും തങ്കു വല്യമ്മയും പാത്തുമ്മതാത്തയും പിന്നെ ഞങ്ങളും ആണ് ആ കാലത്ത് എനിക്ക് നോക്കിയാൽ കാണാൻ പോലും പറ്റുന്ന ദൂരത്തിൽ ഉണ്ടായിരുന്ന വീടുകൾ. ഈ പറഞ്ഞ വീടുകൾ ഒഴിച്ചാൽ പൂക്കളും കുളങ്ങളും പാടവും ആയിരുന്നു ചുറ്റും. പറയാൻ ഒരു വഴി പോലും അന്നവിടേക്ക് ഇല്ലായിരുന്നെങ്കിലും, ഒരു ചിത്രകാരന്റെ ഭാവനയിലെയെന്ന പോലെ മനോഹരമായിരുന്നു അവിടം. തൊടിയിലെങ്ങും ചേമ്പും, ചെമ്പരത്തിയും, പരവതാനിയെന്ന പോലെ നിലം നിറയെ മഞ്ഞപ്പൂകളും, കഞ്ഞുണ്ണിയും, കുളങ്ങൾ നിരയുമാറ് കുളപ്പാള പൂക്കളും കാണണമായിരുന്നു.മിക്കവാറും വീടുകളിലും പശുക്കളും ആടുകളും പോത്തുകളും കോഴികളും മറ്റും കാണാം. തെങ്ങിൻ തോപ്പുകളും, തലപോയ തെങ്ങുകളുടെ മുകളിൽ കൂടുകൂട്ടിയ തത്തകളും, തൊടി നിറയെ പാറിനടക്കുന്ന തുമ്പികളും ചിത്രശലഭങ്ങളും കാണാം. നെൽപ്പാടങ്ങളും പാടവരമ്പത്ത് പൂത്തുനിൽക്കുന്ന നെല്ലിപ്പൂക്കളും വെള്ള കൊക്കുകളും കറുത്ത കാക്കകളും, കുളത്തിന്റെ അരികിൽ കാത്തുനിൽക്കുന്ന പൊന്മാനും, മരം കൊത്തിയും മഞ്ഞ കിളികളും, ഓലേഞ്ഞാലികുരുവിയും അടക്കാക്കുരുവികളും അവിടെ പതിവുസന്ദര്ശകരായിരുന്നു.
ഒടുവിൽ ആലോചനക്കും ചര്ച്ചക്കും ഒടുവിൽ അച്ഛൻ കോഴിക്കോട് നിന്ന് തിരൂരിലേക് വന്ന്, തിരൂർ ഉള്ള ഒരു സ്ഥാപനത്തിൽ ജോലി ആരംഭിക്കുകയും 'അമ്മ L I C ഏജൻസി എടുക്കുകയും ചെയ്തു. നമ്മൾ അവിടെ താമസിക്കാൻ തീരുമാനിച്ച സമയത് അവിടെ മറ്റൊരു കുടുംബം താമസിച്ചിരുന്നു. ആദ്യം അവരോട് കാര്യം അവതരിപ്പിക്കുകയും , അവർ മറ്റൊരു വീട് കണ്ടുപിടിച്ചു മാറുകയും ചെയ്യേണ്ടതുണ്ടായിരുന്നു. അതിനു ശേഷം വീട് ഒന്ന് ചെറുതായി മോടിപിടിപിച്ചു. ഗ്രില്ല് പെയിന്റ് അടിക്കുകയും, ഉമ്മറത്തെ മുറിയിൽ ഒരു കോൺഗ്രീറ്റ് ഇരിപ്പിടം ഉണ്ടായിരുന്നത് പൊളിക്കുകയും, വാതിലും ജനലും മാറ്റി വക്കുകയും, മേൽക്കൂര പുതുക്കിപ്പണിയുകയും ചെയ്തു. അന്ന് ഹരി പൂഴിക്കുന്ന് റോഡ് സൈഡ് ഉള്ള ഗയസ് നഴ്സറി യിൽ പോകുന്ന സമയം ആണ്. ഞാനും അമ്മച്ചനും വൈകുന്നേരം വീടുപണി എന്തായെന്ന് നോക്കാൻ വരും. അമ്മച്ചന്റെ സൈക്കിളിന്റെ ഫ്രണ്ടിൽ എനിക്ക് ഇരിക്കാനായി ചെറിയ ഒരു സീറ്റ് ഘടിപ്പിച്ചിരുന്നു.' അന്നൊക്കെ അമ്മ വരാൻ 5 മണി ആവും, 'അമ്മ തിരികെ വരുമ്പോഴാണ് ഹരിയെ നഴ്സറി യിൽ നിന്നും കൂട്ടികൊണ്ടു വരുന്നത്.
ഒരിക്കൽ ഉച്ചക്ക് ഞാനും അമ്മച്ചനും വീട് പണി നോക്കാൻ പോയ സമയത്ത് 'അമ്മ വരികയും ചോറ്റുപാത്രത്തിൽ കൊണ്ടുപോയ ചോറ് വാരിത്തരികയും ചെയ്തു. എന്ത് കാരണം കൊണ്ടെന്നറിയില്ല, ആ മട്ടയരിച്ചോറിന്റെയും ചെറുപയര് കറിയുടെയും രുചി ഇന്നലെ എന്ന പോലെ എൻറെ മനസ് സൂക്ഷിച്ചുവച്ചിരിക്കുന്നു.
ഓടിട്ട ഒറ്റനില വീടായിരുന്നു അത്. ഉമ്മറത്തു ഇരിക്കാൻ, പടിക്ക് ഇരു വശവും നീളത്തിൽ തിണ്ടുണ്ടായിരുന്നു. ഉമ്മറത്തേക്ക് ഒരു ഗ്രില്ല് വാതിലും ഇരു വശത്തും ഗ്രില്ല് ചുവരുകളും ആയിരുന്നു. ഒരു വലിയ മുറിയും രണ്ടു കിടപ്പുമുറികളും ഒരു ചെറിയ മുറിയും ഒരു അടുക്കളയും ആണ് ഉണ്ടായിരുന്നത്. ഉമ്മറത്തു വലത് ഭഗത് ഒരു ചെറിയ കിണറും അതിന്റെ അടുത്തായി ഒരു കുറ്റി മുല്ലയും ഉണ്ടായിരുന്നു. കിണറിനു ഒരു 2 അടിയിൽ താഴെയേ വ്യാസം കാണുകയുള്ളൂ. ഒരല്പം മുറ്റം കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് നോക്കെത്താത്ത ദൂരത്തോളം പാടം ആണ്. ദൂരെ ഉള്ള പാടവരമ്പത്തിലൂടെ രാവിലെയും സന്ധ്യക്കും ആളുകൾ ഹനുമാങ്കാവിലേക് പോകുന്നത് കാണാം. വീടിന്റെ അടുക്കള വാതിൽ തുറക്കുന്നത് പാടത്ത് മണ്ണ് കൂട്ടി ഉണ്ടാക്കിയ തെങ്ങിൻ തോപ്പിലേക്കാണ്. ഉമ്മറത്തിന്റെ ഇടതുഭാഗത് ഒരല്പം മാറിയാണ് കുളി മുറി. കുളിമുറിയുടെ പിന്നിൽ കുറച്ച് മുന്നോട് പോയാൽ ഒരു കുളം ആണ്. അവിടെ വലിയ കണ്ണൻ മീനുകളും, ആമയും, നീർക്കോലികളും, ചേരയും ഉണ്ടായിരുന്നു. കുളത്തിന്റെ മുകളിൽ വെള്ളം കാണാത്ത വിധം കുള വാഴപ്പൂക്കൾ വര്ഷം മുഴുവനും ലൈലാക് പൂക്കൾ വിരിച്ചു നില്പുണ്ടായിരിക്കും. വീടിന്റെ ഉമ്മറത്തു ഒരു വലിയ മൂവാണ്ടൻ മാവും ഒരു നീലാണ്ടൻ മാവും ഉണ്ടായിരുന്നത് മുറ്റം മുഴുവനും തണൽ നല്കിപ്പോന്നു.
വീടിന്റെ പിന്നിൽ ഒരു പറമ്പു കഴിഞ്ഞു, അടുത്ത ഉയർന്ന പറമ്പിലാണ് ശാരദ അമ്മയുടെ വീട്, വീടിന്റെ മുന്നിലൂടെ ഉള്ളിലേക്ക് പോയാൽ പ്ലാവുകളും ആലും ഞാവലും നിറഞ്ഞ പറമ്പിൽ, വിഷ്ണുവിന്റെ ഒറ്റപ്രതിഷ്ഠ ഉള്ള ഒരു അമ്പലമാണ്. ദിവസേന പൂജയോ സന്ദര്ശകരോ ഒന്നും ഇല്ലാത്ത അമ്പലത്തിൽ ഞങ്ങൾ കുറച്ചു വീട്ടുകാർ ഇടക്കിടെ ചുറ്റുവിളക്ക് കത്തിക്കുകയും ആഴ്ചയിൽ കുറച്ചുദിവസങ്ങളിൽ മാത്രം ഒരു നമ്പൂതിരി വന്നു പൂജ ചെയ്യുകയും ചെയ്തു പോന്നു. അമ്പലത്തിന്റെ വലതുവശത്തായി , ശാരദാമ്മയുടെ പറമ്പിന്റെ മുന്നിൽ താഴെയായി ഒരു കുളം ഉണ്ട്, പണ്ട് അത് അമ്പലകുളമായിരുന്നോ എന്ന് നിശ്ചയം ഇല്ല. കുളപ്പാളകുളം എന്ന് പേരുള്ള അവിടെ വര്ഷം മുഴുവനും കുളപ്പാള പൂക്കൾ നിറഞ്ഞു നില്പുണ്ടായിരുന്നു. ആ നാട്ടിൽ ആളുകൾ കുളിക്കുന്നതും അലക്കുന്നതും, പശുവിനെയും പോത്തിനേയും കുളിപ്പിക്കുന്നതും എല്ലാം അവിടെ തന്നെ.ബാല്യകാലം മുഴുവനും ആ കുളത്തിൽ മുക്രയിട്ടു നടന്ന ഞാൻ, ഇന്നും നീന്തൽ പഠിച്ചില്ല എന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ.
അങ്ങനെ ഞാനോ അമ്മയോ അച്ഛനോ അമ്മച്ഛൻ തന്നെയോ വിചാരിക്കാത്ത ഒരു സ്ഥലം ഞങ്ങളുടെ നാടായി മാറി. പണ്ട് പലതവണ ദൂരെയുള്ള ആ പാടവരമ്പത്തിലൂടെ ഹനുമാൻകാവിലേക്ക് പോകുമ്പോൾ 'അമ്മ കണ്ടിരുന്ന ആ വീട് നമ്മളുടെ വീടായി മാറി. ജോലി നഷ്ടപ്പെട്ട് വെറും 2000 രൂപയും കൊണ്ട് കോഴിക്കോട് വിടേണ്ടി വന്ന അച്ഛനും അമ്മയും വീണ്ടും ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങി.
20/11/23
അച്ഛച്ചൻ - പെയിന്റിംഗ്
എൻ്റെ അച്ഛച്ചൻ പറയരുകണ്ടിയിൽ മാധവൻ നായർക്കും അച്ഛമ്മ മാളു അമ്മക്കും 9 മക്കൾ ഉണ്ടായി എങ്കിലും, അതിൽ 2 പേര് പ്രസവസമയത്തോ, നന്നേ ചെറുപ്പത്തിലോ മരിച്ചുപോയിരുന്നതിനാൽ അവരെ പറ്റി ഇവിടെ പറയാൻ നിർവാഹമില്ല.
അച്ഛച്ഛന്റെ മക്കളെല്ലാം തന്നെയും മുൻശുണ്ഠിക്കാരും ക്ഷിപ്രകോപികളും ആയിരുന്നു എങ്കിലും, അച്ഛച്ചൻ നന്നേ ശാന്തസ്വഭാവക്കാരനും പാചകത്തിൽ വിശേഷാനൈപുണ്യം ഉള്ളയാളും ആയിരുന്നു. പാചകത്തിലെ ഈ താല്പര്യം കൊണ്ടുതന്നെ അച്ചച്ചന്റെ പ്രഥമ വരുമാന മാർഗം കൃഷി ആയിരുന്നപ്പോഴും മാനാംകുന്ന് ഒരു ചായക്കടയും നടത്തിപോന്നിരുന്നു. കാഴ്ച്ചയിൽ നീണ്ടു മെലിഞ്ഞ പ്രകൃതവും, ആരോഗ്യദൃഢകാദ്രനും ആയിരുന്ന, ഒരു ബീഡി പോലും വലിക്കാത്ത അച്ഛച്ചൻ ശ്വാസകോശ അർബുദം ബാധിച്ചാണ് മരണപ്പെട്ടത്. അന്ന് എന്റെ 'അമ്മ ഞാനുമായി 7 മാസം ഗർഭിണി ആയിരിക്കുന്ന സമയം. അച്ചച്ചനെ ഞാൻ നേരിട്ടുകണ്ടിട്ടില്ല എങ്കിലും അച്ഛന്റെ അനുജൻ മണി ചാച്ചനെ പോലെ തന്നെയാണ് അച്ചച്ചനെ കാണാൻ എന്ന് പറഞ്ഞുകേട്ട അറിവുവച്ഛ് ആ രൂപമാണ് അച്ഛച്ചന് എന്റെ മനസിലും ഉള്ളത്. അച്ചച്ചന്റെതായി ആകെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉള്ളതാണ്, അച്ഛച്ഛന്റെ മരണശേഷം വരപ്പിച്ചതാണ്. എല്ലാ കുടുംബവീട്ടിലും ചില്ലിട്ടുവെച്ച ആ ചിത്രവും, പറഞ്ഞു കേട്ട കഥകളുമാണ് അച്ചച്ചന്റെതായി എന്റെ കയ്യിൽ ബാക്കി ഉള്ളത്.
എൻ്റെ അച്ഛമ്മ ഈ വര്ഷം 1 0 0 തികയുന്ന മാളു 'അമ്മ, ഇന്ന് ആ തലമുറയിലെ തന്നെ അവസാനത്തെ ശേഷിക്കുന്ന കണ്ണിയാണ് എന്ന് പറയാം. കാഴ്ച്ചയിൽ മെലിഞ്ഞു നീണ്ട പ്രകൃതം, ഇരുനിറം, കണ്ണിനു കാഴ്ച ഇപ്പോൾ നന്നേ കുറവാണെന്നതൊഴിച്ചാൽ കുളിക്കാനോ സ്വന്തം വസ്ത്രം അലക്കാനോ പോലും ഈ നൂറാം വയസിലും മാളു അമ്മക്ക് മറ്റാരുടെയും സഹായം തേടേണ്ടി വന്നിട്ടില്ല. എനിക്ക് ഓര്മ ഉള്ളകാലം മുതൽക്കേ അച്ഛമ്മക് വായിൽ പല്ലൊന്നും ഉള്ളതായി അറിവില്ല. അതിനെ പറ്റി അച്ചമ്മ തന്നെ പറഞ്ഞ കഥ അനുസരിച്ഛ്, പണ്ട് തെങ്ങുമുറിക്കുന്ന സമയത് അത് തലയിൽ വീണാണത്രെ പല്ല് അത്രയും പൊഴിഞ്ഞുപോയത്. അച്ഛമ്മ 90 വയസിനു ശേഷം അല്ലാതെ അതിനു മുൻപൊരിക്കലും വെറുതെ ഇരിക്കുന്നതായി മാനാംകുന്ന്കാരാരും കണ്ടുകാണാൻ വഴിയില്ല. രാവിലെ മുതൽ സന്ധ്യ വരെ മുറ്റം അടിക്കലും പുല്ലുപറിക്കലും പറമ്പുപണിയും ആണ് അച്ഛമ്മയുടെ രീതി. രാവിലെ എണീറ്റ് മുറ്റമടിയും അല്ലറചില്ലറ പണിയും കഴിഞ്ഞ് ഉച്ചക്ക് മഞ്ചിഷ്ടാദി എണ്ണ തേച്ചുള്ള കുളി വരെ ഇക്കാലമത്രെയും അച്ഛമ്മ മുറതെറ്റാതെ സ്വയം ചെയ്തുപോന്നു. നൂറാം വയസിലും മുടി നരക്കാത്ത മാളു അമ്മയോട് ഇരുപതാം വയസിൽ നരച്ചുതുടങ്ങിയ എനിക്ക് ഒരല്പം അസൂയ ഇല്ലാതെയില്ല.
അച്ഛന്റെ മൂത്ത ജേഷ്ഠൻ കൃഷ്ണൻ കുട്ടി, അച്ഛനെക്കാളും 15 വയസു മൂത്തതാണെങ്കിലും കാഴ്ചയിൽ നന്നേ ചെറുപ്പക്കാരനാണ് എന്ന് മാത്രമല്ല, 60 കളുടെ അവസാനത്തിൽ ഒരു പേസ്മേക്കർ ഹൃദയത്തിൽ തുന്നിച്ചേർക്കുന്ന വരേക്കും നാല് ആണ്മക്കളിൽ ഏറ്റവും ആരോഗ്യവാനും ആയിരുന്നു. വല്യച്ഛൻ എനിക്ക് ഓര്മ ഉള്ള കാലത്തേ മുക്കത്ത് ആണ് താമസമായതിനാൽ വല്യച്ചനെ ഞാൻ മുക്കത്തെ വല്യച്ഛൻ എന്ന് വിളിച്ചുപോന്നു.
മുക്കത്തെ വല്യച്ഛന്റെ നേരെ താഴെ ജനിച്ച ഒരു പെൺകുട്ടി ലീല ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി എങ്കിലും, അവരെ പറ്റി അച്ഛമ്മ സമയം കിട്ടുമ്പോഴൊക്കെയും ആവേശത്തോടെ സംസാരിക്കുകയും, അവരുടെ വിയോഗത്തിൽ നെടുവീർപ്പിടുകയും ചെയ്തുപോന്നു. ലീല കാണാൻ വളരെ സുന്ദരി ആയിരുന്നത്രേ. മുട്ടറ്റം മുടിയും ഗോതമ്പിന്റെ നിറവുമായിരുന്നു ലീലക്ക് എന്ന് അച്ചമ്മ പറഞ്ഞതനുസരിച്ച് ഞാൻ മനസ്സിൽ ലീലക്ക്, ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാരുന്നെങ്കിൽ ലീല വല്യമ്മക് എന്റെ മനസ്സിൽ ഒരു രൂപം കൊടുത്തിട്ടുണ്ട്. 14 ആം വയസിൽ ലീലക് വയറിനു എന്തോ അസുഖം വരികയും, എന്താണെന്നു നിശ്ചയമില്ല, തുടർന്ന് ഓപ്പറേഷൻ നടത്തിയെങ്കിലും, പല തവണ അസുഖം മൂർച്ഛിക്കുകയും ഒടുവിൽ മരണ പെടുകയും ചെയ്തു.
മുക്കത്തെ വല്യച്ഛന്റെയും ലീലയുടെയും താഴെയാണ് സരോജിനി വല്യമ്മ. വല്യമ്മയെ അമ്മച്ചി എന്ന് വിളിക്കണം എന്ന് ചെറുപ്പം മുതൽക്കേ പഠിപ്പിച്ചു വച്ചതിനാൽ എല്ലാ കുട്ടികൾക്കും വല്യമ്മ, അമ്മച്ചി ആണ്. അമ്മച്ചി ആറീസി യിലാണ് താമസിച്ചു പോന്നത്. അമ്മച്ചി പണ്ട് താമസിച്ചിരുന്ന വീട്ടിൽ പണ്ട് മൾബറി പഴങ്ങൾ ഉണ്ടായിരുന്നതായി ഞാനോർക്കുന്നു.
അമ്മച്ചിയുടെ താഴെയാണ് ജനാർദ്ദനൻ വല്യച്ഛൻ. അച്ഛന്റെ വീട്ടിൽ മാത്രമല്ല, പറയരുകണ്ടി കുടുംബത്തിൽ തന്നെ എല്ലാവര്ക്കും സാദാരണത്തിലും വലിയ മീശയാണ്. ആ നാട്ടിൽ ചെന്നാൽ തന്നെ ആരൊക്കെയാണ് പറയരുകണ്ടി കുടുംബത്തിലെന്നു മീശ മാത്രം നോക്കി പറയാൻ സാധിക്കും. എങ്കിലും ഉള്ളതിൽ ഒരു പൊടി, മീശക്ക് വലിപ്പം കൂടുതൽ ഉള്ളതിനാൽ ജനാർദ്ദനൻ വല്യച്ചനെ മാത്രം ഞാൻ ചെറുപ്പം മുതൽക്കേ മീശ വല്യച്ഛൻ എന്ന് പറഞ്ഞു പോന്നു. എൻ്റെ കുട്ടികാലത്ത് ജോലി ആവശ്യത്തിനായി മീശ വല്യച്ഛൻ മലേഷ്യയിൽ ആയിരുന്നതിനാൽ, ഓർമകളിൽ വല്യച്ഛന്റെ മുഖം അത്ര വ്യക്തമായി കണ്ടു എന്ന് വരില്ല.
മീശ വല്യച്ഛന്റെ താഴെ എന്റെ അച്ഛനും അതിനു താഴെ രാമചന്ദ്രൻ എന്ന മണി ചെറിയച്ഛനും ആണ്. ചെറിയച്ഛൻ വിളിച്ചു വിളിച്ചു ചാച്ചൻ ആയി മാറി. ചാച്ചൻ എന്റെ കുട്ടികാലത്തെ ഓർമകളിൽ വളരെ വലിയ പ്രാധാന്യം ഉള്ള ആളാണ്. ചാച്ചൻ ഇടക്കിടെ തീരൂരിൽ എന്റെ വീട്ടിൽ വരികയും ഞങ്ങളോടൊപ്പം താമസിക്കുകയും ചെയ്തുപോന്നു. തെങ്ങിലും മാവിലും ചാടിക്കയറി ഇളനീരും മാങ്ങയും പറിക്കാനും, പേപ്പർ കൊണ്ട് പട്ടം ഉണ്ടാക്കാനും, എന്തിനു ഏറെ പറയുന്നു മുന്തിരി വൈൻ ഉണ്ടാക്കി മണ്ണിൽ കുഴിച്ചുമൂടാൻ വരെ അക്കാലത്തു മണി ചാച്ചനാണ് ഞങ്ങൾക്കു പഠിപ്പിച്ഛ് തന്നത്. കുഴിച്ചിട്ട വൈൻ അടുത്തതവണ ചാച്ചൻ വരുന്നത് വരെയും മണ്ണിൽ തന്നെ കാത്തുകിടക്കും.
ചാച്ചന്റെയും താഴെ ആണ് ലത അച്ചോള്. അച്ചച്ചന്റെ പാചക നൈപുണ്യം അത്രയും അതുപോലെ പകർന്നുകിട്ടിയത് അച്ചോൾക് ആണ്. 6 മകളിൽ മറ്റാർക്കും കൊടുക്കാത്ത ആ വിദ്യ അച്ചോൾക് കൊടുത്തിട്ടാണ് അച്ഛച്ചൻ പോയതെന്ന് തോന്നുന്നു.
അച്ഛനും അമ്മയും വിവാഹ ശേഷം ആദ്യത്തെ വര്ഷം കൂടത്തായി മാനംകുന്നിലെ തറവാട്ടിലാണ് താമസിച്ചുപോന്നത്. അമ്മ ഗർഭിണിയായി 7 മാസത്തിൽ അച്ഛച്ചൻ മരണപെട്ടു. എന്റെ ജനനവും 90 ഉം കഴിഞ്ഞു അച്ഛനും അമ്മയും ആദ്യം വാടകവീട്ടിലേക്കും തുടർന്ന് തിരൂരിലേക്കും താമസം മാറി എങ്കിലും, കുട്ടികാലത്തെ എൻ്റെ അവധിക്കാലങ്ങളൊക്കെയും കൂടത്തായിയിലെ തറവാട്ടിലായിരുന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 -2 മണിക്കൂർ ദൂരത്തിൽ വായനാടിനോടടുത്താണ് കൂടത്തായി. കൂടത്തായിയിൽ നിന്നും ഒരല്പം ഉള്ളിലേക്കു മാനംകുന്നു എന്ന ഗ്രാമത്തിൽ ആണ് പറയരുകണ്ടി തറവാട് സ്ഥിതി ചെയ്തിരുന്നത്. കൂടത്തായി വിന്നേഴ്സ് സ്റ്റോപ്പിൽ നിന്ന് താഴേക്കുള്ള റോഡ് ഇരുഭാഗത്തും കവുങ്ങുതോട്ടങ്ങളുള്ള ചെമ്മണ്ണ് പാകിയ റോഡിലേക്കാണ് ചെന്ന് ചേരുക. എന്റെ അച്ഛനും അച്ഛന്റെ 3 സുഹൃത്തുക്കളും (മോഹനൻ,കൃഷ്ണേട്ടൻ, ജോസഫ് ജോർജ്) ചേർന്ന് 30-35 കൊല്ലം മുൻപ് 8 മുതൽ 12 വരെയുള്ള കുട്ടികൾക്ക് വേണ്ടി തുടങ്ങിയ ട്യൂഷൻ ക്ലാസ്സിന്റെ പേരാണ് വിന്നേഴ്സ്. പിന്നീട് ആ ബസ് സ്റ്റോപ്പ് വിന്നേഴ്സ് സ്റ്റോപ്പ് ആയി. വിന്നേഴ്സ് ന്റെ എതിർവശത്താണ് അച്ഛച്ചൻ ചായക്കട നടത്തിപോന്നിരുന്നത്. താഴേക്കുള്ള റോഡ് ഇറങ്ങി അവിടെന്നു ഇടത്തോട്ടുള്ള വളവിൽ ഒരു ചായക്കട ആണ്. ആ വളവും കഴിഞ്ഞ് വീണ്ടും ഇടുങ്ങിയ റോഡിലൂടെ കുറെ കൂടെ ചെന്നാൽ പറയരുകണ്ടി വീടെത്തും. റബര് മരങ്ങളുടെ ഇടയിലൂടെയുള്ള ഇരച്ചെന്നുന്ന വളരെ തുച്ഛമായ വെളിച്ചം ആ നാടിനെത്രയും സന്ധ്യ പ്രതീതിയാണ് എല്ലായ്പോഴും നൽകുന്നത്.
കൂടാത്തയായി ഒരു മലമ്പ്രദേശം ആണ്. തട്ടുതട്ടായാണ്, കൃഷിക്കായും മറ്റും ഭൂമി തരപ്പെടുത്തിയിരിക്കുന്നത്. റബര് തോട്ടങ്ങളും റബര് അടിക്കുന്ന ഷെഡ്ഡുകളും അയലിലൊക്കെയും റബര് ഷീറ്റുകളും ഈ വഴിയിൽ ഉള്ള എല്ലാ വീടുകളിലും കാണാം. അവിടെ ഇവിടെ ആയി കാണുന്ന തോടുകളിലെ വെള്ളമാണ് അവിടെയുള്ള കൃഷിക്കായി ഉപയോഗിച്ച പോന്നിരുന്നത്. താരതമ്യേനെ കടലിനോടു ചേർന്ന് കിടക്കുന്ന താഴ്ന്നപ്രദേശമായ തിരൂരിൽ നിന്നും വളരെ വ്യത്യസ്തമായതുകൊണ്ടുതന്നെ എനിക്ക് വളരെ കൗതുകമുള്ള കാഴ്ച്ചയായിരുന്നു ഇത്. തറവാട്, വന്നു ചേരുന്ന ഇടുങ്ങിയ റോഡിൽ നിന്നും ഒരല്പം ഉയരത്തിൽ ആണ്. വീട്ടു പറമ്പിലേക് കേറുമ്പോൾ ആദ്യം കാണുക വലതുഭാഗത്തുള്ള ഒരു പടുകാത്ത കിണറാണ്. നിലത്തുനിന്നും അല്പം ഉയരത്തിൽ ആണ് കിണറ്റിന്റെ കര ഉണ്ടായിരുന്നത്. ഉരുളൻ കല്ലുകൾ കൊണ്ട് ആണ് കിണറിന്റെ നാലുഭാഗവും മൂടിയിരിക്കുന്നത്. കിണറ്റിൽ നിന്നും വെള്ളം കോരാൻ ഒരു റബര് പായ അവിടെ തന്നെ വച്ചിട്ടുണ്ടാകും. വെള്ളത്തിനു മധുരമുണ്ടെന്നു ആ കിണറ്റിലെ വെള്ളം കുടിച്ചിരുന്നെങ്കിൽ നിങ്ങൾ വിശ്വസിച്ചേനെ.
കിണറും കഴിഞ്ഞു മുന്നോട് പോകുമ്പോൾ വലതുഭാഗത്ത് ഒരു മാതോളിനാരങ്ങായുടെ വലിയ മരം കാണാം, എന്റെ ഓർമയിലൊക്കെയും അതിൽ നിറയെ മാതോളിനാദങ്ങ കായ്ച്ചുനിൽപ്പുണ്ട്. മാതോളിനാരങ്ങക്ക് അവിടെ ബബ്ലിമൂസ എന്നാണ് പറയുന്നത്. ഇടതുഭാഗത് കുളിമുറി കാണാം. അന്നൊക്കെ കിണറ്റിൽ നിന്നും വെള്ളം കോരി കൊണ്ട് വന്നാണ് കുളിമുറിയിൽ വെള്ളം നിറച്ചിരുന്നത്. ഒരല്പം കൂടെ മുന്നിൽ നേരെ വീടിന്റെ അടുക്കള ഭാഗവും ഇടതുഭാഗത്തേക് വീടിന്റെ ഉമ്മറവും കാണാം. ഓടുമേഞ്ഞ ഒറ്റനില വീടാണ്. വീടിന്റെ അടുക്കള വാതിലിൽ നിന്ന് ഇറങ്ങുന്നത് ഒരു ഓല മേഞ്ഞ ചെറിയ പിന്നാംപുറത്തേക്കാണ്. അവിടെ 1 -2 ബെഞ്ചും ഒരു വലിയ മേശയും ഇട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ അവിടെ ഇരുന്നാണ് ചായകുടിക്കുന്നത്. നേരെ ഇടതുഭാഗത്തോട്ട് ചെല്ലുമ്പോൾ വീടിന്റെ മുറ്റത്താണ് എത്തുക. മുറ്റത്തുനിന്നും നോക്കിയാൽ താഴെ വലിയ റബര് തോട്ടമാണ്. വീടിന്റെ മുറ്റം ചാണകം മെഴുകിയിരിക്കും. എന്റെ ഓർമയിൽ വീടിന്റെ നിലം കറുത്ത കായം തേച്ചിരുന്നു, അതിനും മുൻപ് ചാണകം തേച്ച നിലമായിരുന്നെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
മുറ്റത്തുനിന്നും 3 പടിയും ഇരുവശങ്ങളിലും നീളത്തിൽ ഇരിക്കാൻ പാകത്തിന് ചെറിയ തിണ്ടുഉം ഉണ്ട്. അകത്തു കയറിയാൽ ഒരു നീണ്ട ഇടനാഴികയും അവിടെ നിന്നും 3 കിടപ്പു മുറികളും ആണ്. അതിൽ രണ്ടെണ്ണം ചെറിയ മുറികളാണ്. ഇടതുവശത്തെ നീണ്ട വലിയ മുറിയിലാണ് അച്ഛൻ പണ്ട് താമസിച്ചിരുന്നത്. അച്ഛന്റെ വിവാഹ ശേഷം ആ മുറി മണി ചാച്ചന്റെ അധീനതയിലായി. അടുക്കളയിലേക് വീണ്ടും ഒരു ഇടനാഴിക കഴിഞ്ഞ് പോണം. ആ അടുക്കള ആയിരുന്നു ആ വീട്ടിലെ ഏറ്റവും വിശാലമായ മുറി. അവിടെ കല്ലുകൊണ്ട് ഉണ്ടാക്കിയ അടുപ്പും വെള്ള ഓട്ടുപാത്രങ്ങളും, ഇരിക്കാൻ പലകയും ഉണ്ടായിരുന്നു. എൻ്റെ ജീവിതത്തിൻറെ തന്നെ ഏറ്റവും വലിയ ഗൃഹാദുരത്വത്തിന്റെ ഓര്മ ഈ അടുക്കളയിൽ നിന്നാകുന്നു. കട്ടൻ ചായയും,ചക്കപ്പുഴുക്കും,പാതി കീറി പൊള്ളിച്ച പപ്പടവും... ആ സ്വാദും മണവും എനിക്ക് ഇപ്പോഴും ഒന്ന് കണ്ണടച്ചാൽ അനുഭവിക്കാം. അവിടെ കാച്ചിയ പപ്പടം പ്ലാസ്റ്റിക് കവറിൽ ആണ് കെട്ടി വക്കുന്നത്. വർഷത്തിൽ രണ്ടു തവണ അവധിക്കാലത് മാത്രം കൂടത്തായി എത്തുന്ന ഞാൻ തിരുരിലെ വീട്ടിൽ നിന്നും ഏറെ വ്യത്യസ്തമായ ഈ രുചികളും ശീലങ്ങളും നാടും കൗതുകത്തോടെയും ഉത്സാഹത്തോടെയും ആസ്വതിച്ചുപോന്നു.
കൂടത്തായിയിലെ മുറ്റം മണ്ണല്ല, കല്ലുപോലെയാണ്. ഉമ്മറത്തൊന്നും മുറ്റമടിക്കുമ്പോൾ മണ്ണ് കിട്ടില്ല. ഒരു തരി മണ്ണ് പോലുമില്ലാതെ അച്ഛമ്മ ചുറ്റും അടിച്ച് വൃത്തിയാക്കി ഇടും. രാവിലെ മുറ്റമടിയെല്ലാം കഴിഞ്ഞു അച്ഛമ്മയും ഞങ്ങൾ പേരക്കുട്ടികളും തോട്ടിൽ കുളിക്കാൻ പോവും. റബ്ബർ തോട്ടത്തിലൂടെ ആണ് തോട്ടിന്റെ കരയിലേക്കു പോകുന്നത്. അച്ഛനും ചാച്ചനും കാണും കൂടെ. തോടിനോട് ചേർന്ന് തന്നെ ഒരു ചെറിയ കിണർ ഉണ്ട്. മഴക്കാലത്തു തോട്ടിൽ വെള്ളം നിറഞ്ഞാൽ തോടും കിണറും തമ്മിൽ മനസിലാക്കാൻ പാടാണ്.
കുളിയൊക്കെ കഴിഞ്ഞ വന്നു ചക്കപ്പുഴുക്കും കട്ടൻ ചായയും കഴിക്കും. അന്ന് തറവാടിന്റെ അടുക്കളഭാഗത് ചേർന്ന് ഒരല്പം ഉയരത്തിലെ പറമ്പിലാണ് ലത അച്ചോളും സദമാമനും മക്കൾ കുക്കുവും കിങ്ങിണിയും താമസിച്ചിരുന്നത്. ഞങ്ങൾ എല്ലാവരും കൂടെ കളിക്കും. രാത്രി ഉമ്മറത്തന്നു ആദ്യം കേറി ചെല്ലുന്ന ഇടനാഴികയിൽ പായ വിരിച്ചാണ് അച്ഛനും ഞാനും കിടക്കാറ്. അവധികാലം കഴിഞ്ഞാൽ ഞങ്ങൾ നാലു പേരും തിരുരിലേക്ക് തിരിക്കും. കൂടത്തായിയിൽ നിന്നും തിരൂർ വരെ ഉള്ള യാത്ര ഒരല്പം ദുഷ്കരമായിരുന്നു. ബസിൽ ഇരുന്നാൽ മനം പുരട്ടുന്ന എനിക്ക് റെയിൽവേ സ്റ്റേഷൻ വരെയുള്ള 2 മണിക്കൂർ ബസ് യാത്ര അല്പം കഠിനമായിരുന്നു. ശർദിക്കുള്ള മരുന്ന് കഴിച്ച് അമ്മയുടെ രണ്ടു സൈഡിലും ഞാനും ഹരിയും കിടന്നുറങ്ങും. ഞങ്ങൾ ജനിച്ചതിൽ പിന്നെ എൻ്റെ 'അമ്മ എവിടെ യാത്ര ചെയ്യുമ്പോഴും ഈ പതിവ് തുടർന്നുപോന്നു. ബസിലെ യാത്ര മാറി കാറിൽ ആയപ്പോഴും ഈ പതിവിനു മാത്രം മാറ്റമൊന്നും സംഭവിച്ചില്ല.
കാലങ്ങൾക്കിപ്പുറം തറവാട് ഭാഗം വക്കലും, റോഡ് വലുതാക്കലും പുതിയ വീടുപണിയലും കഴിഞ്ഞപ്പോഴേക്കും തറവാടും പൊളിച്ചു കളയേണ്ടി വന്നു. തോട്ടിന്റെ കരയിലിപ്പോൾ ടാർ ഇട്ട റോഡ് ആണ്. ഇന്ന് അവിടെ ഈ പറഞ്ഞതൊന്നും ബാക്കി ഇല്ല എങ്കിലും തോട്ടിലിപ്പോഴും വെള്ളമൊഴുകുന്നുണ്ട്, കുട്ടികളിപ്പോഴും അവിടെ കുളിക്കുകയും മീന്പിടിക്കുകയും ചെയ്യുന്നുണ്ട്, ഓര്മകളിലിപ്പോഴും ബബ്ലിമൂസ് കായ്ക്കുകയും, കിണറ്റിലെ വെള്ളം മധുരിക്കുകയും ചെയ്യുന്നുണ്ട് .
അമ്മച്ചൻ - 20 -25 വര്ഷം മുൻപത്തെ ചിത്രം
ജീവിതത്തിലെ ആദ്യത്തെ ഓര്മ എന്താണ്?
കുറെ മുറിഞ്ഞ ഓർമ്മകൾ ഉണ്ട് അവിടേം ഇവിടേം എങ്കിലും, അതല്ലാതെ എന്തേലും എഴുതാൻ ഇരുന്നപ്പോൾ ആദ്യം ഓര്മ വന്നത് അമ്മമ്മയുടെ വീട്ടിലെ , തേങ്ങ ഇടുന്ന ഒരു ദിവസം ആണ്. ഈ കഥ പറയാനും, ആ കാലഘട്ടം എത്താനും ഒരല്പം പിന്നാമ്പുറ കഥകൾ പറയണ്ട ആവശ്യം ഉണ്ട്.
എന്റ്റെ അച്ഛൻ, 6 അടി പൊക്കവും നല്ല കട്ട മീശയും, മൂക്കത്ത് ശുണ്ഠിയും, കുട്ടികളുടെ മനസും ഉള്ള സാക്ഷാൽ ദിവാകരൻ നായർ അഥവാ ബേബി, സ്വന്തം ചേട്ടൻ കൃഷ്ണൻ കുട്ടി നായർ അഥവാ എന്റെ മുക്കത്തെ വല്യച്ഛൻ വഴിയാണ് ഒരു പെണ്ണ് കാണലിന്റെ ഭാഗമായി ആദ്യമായി തിരൂർ റെയിൽവേ സ്റ്റേഷൻ നിൽ കാലുകുത്തുന്നത്.മുക്കത്തെ വല്യച്ചനും ബാലൻ അമ്മച്ചനും കോഴിക്കോട് ഒരുമിച്ചാണ് ജോലിചെയ്ത് പോന്നിരുന്നത്.ബാലൻ അമ്മച്ചൻ എന്റെ അമ്മച്ചൻ തങ്കപ്പൻ നായരുടെ അനിയൻ ആണ്. എന്റെ അമ്മ, ഇടതൂർണ്ണമുടിയും വിടർന്ന കണ്ണുകളും ഉള്ള ജല എന്ന് അച്ഛൻ സ്നേഹത്തോടെ വിളിക്കുന്ന സഹധർമിണി ജലജ,അന്ന് ബികോം പാസ്സായി ശേഷം ടൈപ്പ് റൈറ്റിംഗ് പഠിപ്പിച്ചുകൊണ്ടിരികന്ന കാലം. ആദ്യ കാഴ്ച്ചയിൽ തന്നെ ജലജ ബേബിയുടെ ഹൃദയം കവരുകയും, ആ കാഴ്ച തുടർന്നുള്ള ശുഭമംഗല്യത്തിൽ കലാശിക്കുകയും ചെയ്തു.
വിവാഹ കഥ വിശദമായി പറയാൻ ഉണ്ടെങ്കിലും അതിപ്പോൾ ഇവിടെ പറയുന്നത് ഉചിതമല്ലാത്തതിനാൽ, അതിനെ പറ്റി വഴിയേ പറയുന്നതാണ്. വിവാഹ ശേഷം അച്ഛനും അമ്മയും കോഴിക്കോട് കൂടത്തായി എന്ന ഗ്രാമത്തിൽ അച്ഛന്റെ വീട്ടിലാണ് താമസിച്ചു പോന്നത്. പിന്നീട് അച്ഛന്റെ ജോലി സംബന്ധമായി ആ താമസം വാടക വീടുകളിലേക്ക് ചേക്കേറുകയും, ഈ കാലയളവിൽ ഞാൻ ജനിക്കുകയും ചെയ്തു. അന്ന് ചാരായം, സർക്കാർ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്തു, ആ വകുപ്പിലാണ് അച്ഛൻ ജോലി ചെയ്തുകൊണ്ടിരുന്നത്. എ കെ ആൻറണി മുഖ്യ മന്ത്രി ആയ സമയത്തു ചാരായം നിരോധിക്കുകയും ആ വകുപ്പിൽ ജോലി ചെയ്തിരുന്നവർക് തൊഴിൽ നഷ്ടമാവുകയും ചെയ്തു.
ഈ കാലഘട്ടത്തിലാണ് എന്റെ അനിയത്തി ഹരി അഥവാ ഹരിത ജനിച്ചു വീഴുന്നത്. പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഭാഗമായി അച്ഛൻ തിരക്കിലായപ്പോൾ വാടക വീടുകളിലെ താമസം ദുസ്സഹമായി വന്നു. അങ്ങനെ പ്രസവാനന്തരം അല്പം കാലത്തേക് ഹരിയും അമ്മയും ഞാനും തിരൂർ എന്റെ അമ്മയുടെ വീട്ടിലും അച്ഛൻ ജോലി അന്വേഷണവും അല്ലറ ചില്ലറ ജോലികളുമായി കോഴിക്കോടും താമസമായി.
ഈ കാലയളവിലാണ് തുടക്കത്തിൽ പറഞ്ഞ ആദ്യത്തെ ഓര്മ നടക്കുന്നത്. അമ്മയുടെ വീട്ടിൽ അന്ന് അമ്മച്ചനും അമ്മമ്മയും ശശി മാമനും ഉണ്ട്.ശശി മാമൻ,പഞ്ചായത്ത് സെക്രട്ടറി ആയ ശശി കുമാർ അമ്മയുടെ മൂത്ത ജേഷ്ഠനാണ്.മാമൻ അന്ന് കല്യാണമേ കഴിക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്ന സമയം. അന്നത്തെ എന്റെ ഏറ്റവും വലിയ സുഹൃത്ത് മാമനായിരുന്നു. അച്ഛൻ ആ കാലത്ത് ഒഴിവുദിവസങ്ങളിൽ മാത്രമാണ് വീട്ടിൽ വന്നിരുന്നത്.മാമന്റെ അന്നത്തെ ഒരു വെള്ള സ്കൂട്ടി യുടെ ശബ്ദം കേട്ടാൽ അപ്പോൾ തന്നെ ഞാൻ ഉമ്മറത്തു ഓടി വരും, ആ ശബ്ദം എത്ര ദൂരേന്നു കേട്ടാലും എനിക്ക് അന്ന് മനസിലാവും ആയിരുന്നു, ഇന്നും ആ ശബ്ദം എന്റെ കാതുകൾക് അപരിചിതമല്ല.മാമന്റെ കാലിനു പോളിയോ വന്നതിന്റെ ഭാഗമായി ചെറിയ സ്വാധീന കുറവുണ്ടെങ്കിലും അത് ദിവസേനയുള്ള ജീവിതത്തെ ബാധിച്ചിരുന്നില്ല എന്ന് മാത്രമല്ല, സ്കൂട്ടർ തൊട്ട് കാർ വരെ ഓടിക്കുകയും ചെയ്യും. മാമൻ വന്നാൽ പിന്നെ എല്ലാവരും ഇരുന്ന് ടി വി കാണും. അതാണ് ആ കാലത്തെ വൈകുന്നേരങ്ങളിലെ രീതി.
അങ്ങനെ ഒരു ദിവസം പകൽ ദാമോദരൻ മാമൻ തേങ്ങ ഇട്ടുകൊണ്ടിരിക്കുക ആയിരുന്നു. ദാമോദരൻ മാമനാണ് ഞങ്ങൾ എല്ലാവരുടെയും വീടുകളിൽ തേങ്ങ ഇട്ടുകൊണ്ടിരുന്നത്.അദ്ദേഹത്തിന്റെ മരണം വരെ അത് തുടരുകയും ചെയ്തു.ദാമോദരൻ മാമന്റെ മരണ ശേഷം നാട്ടിലെ തെങ്ങുകളുടെ അവകാശി ഷാഫി ചേട്ടൻ ആയി മാറി, സ്വാഭാവികമായും നമ്മൾ എല്ലാ വീട്ടുകാരുടെയും. അമ്മച്ചനും അമ്മമ്മയും അമ്മയും പിന്നെ ഒരു സഹായിയും, ആരാണെന്നു ഞാൻ ഓർക്കുന്നില്ല, തേങ്ങ പെറുക്കി കൂട്ടുകയാണ്. മാമൻ ജോലിക് പോയിരിക്കുകയായിരുന്നു. അന്നെനിക് 3-4 വയസു പ്രായം കാണും. ഞാനും തന്നാലാവുന്ന വിധം തേങ്ങ പെറുക്കികൂട്ടുന്നുണ്ട്. അമ്മച്ചൻ തേങ്ങ കൂമ്പാരത്തിലേക് ദൂരെ നിന്നൊക്കെയും തേങ്ങ വലിച്ചെറിയുന്നുണ്ട്. അന്ന് നിലത്തുനിന്നും പൊങ്ങാത്ത ഞാൻ ആ തേങ്ങാകൂമ്പാരത്തിന്റെ ഇടയിൽ നില്കുന്നത് പാവം കണ്ടുകാണില്ല, എറിഞ്ഞ ഒരു തേങ്ങ വന്നു വീണത് എന്റെ മേലായി പോയി.എനിക്ക് ഒന്നും പറ്റിയില്ലെങ്കിലും എല്ലാവരും ഓടിവരികയും എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവക്കുകയും ചെയ്തു. അന്നൊന്നും എനിക്ക് എത്ര വീണാലും തല്ലുകിട്ടിയാലും എന്തൊക്കെ പറ്റിയാലും വേദന അല്പം പോലും അനുഭവപ്പെടാറില്ല. കണ്ടാമൃഗത്തിന്റെ തൊലിയാണെന്നു തല്ലി മടുക്കുമ്പോൾ അമ്മ പറയും.
തേങ്ങ എറിഞ്ഞത് എന്റെ മേല് പറ്റിയതിന്റെ ദുഃഖം അമ്മച്ഛനുണ്ടായി എന്നതിൽ അപ്പുറം മറ്റൊരു വിശേഷവും ഈ സംഭവത്തിൽ ഉണ്ടായില്ല എങ്കിലും,വർഷങ്ങൾ ഇപ്പുറത് എന്റെ ജീവിതത്തിന്റെ തന്നെ ആദ്യത്തെ വ്യക്തമായ ഓർമയായി ആ സംഭവം ഇന്ന് തെളിഞ്ഞു വന്നിരിക്കുന്നു.
ഈ തേങ്ങ കഥയിൽ സംഭവബഹുലമായ ഒന്നും നടന്നില്ലെങ്കിലും,തേങ്ങയും ഞാനും തമ്മിലുള്ള ബന്ധം അവിടെ തീർന്നില്ല. വിശാലമായ ഒരു തേങ്ങ കഥ കൂടെ 10 വര്ഷത്തിനപ്പുറം വരാനിരിക്കുന്നുണ്ടായിരുന്നു.
12/11/23